Saturday, October 23, 2010

കവി അയ്യപ്പന്‍ ഓര്‍മ്മയായി


ഒറ്റപ്പെടലിന്റെയും അനാഥത്വത്തിനും സ്വന്തം ചമയം സൃഷ്ടിച്ച മലയാളത്തിന്റെ പ്രിയ കവി എ. അയ്യപ്പന്‍ യാത്രയായി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മലയാളിക്ക് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍  ഒരുപിടി നല്ല കവിതകള്‍ മലയാളിക്ക് സമ്മാനിച്ച അയ്യപ്പന് അവസാനമായി ലഭിച്ച അംഗീകാരം ഏറ്റുവാങ്ങുന്നതിന് ഒരു ദിവസം മുമ്പുതന്നെ വിധി അയ്യപ്പനെതിരാവുകയായിരുന്നു. 1949 ഒക്‌ടോബര്‍ 27ന് തിരുവനന്തപുരത്തിനടുത്ത് നേമത്ത് ജനിച്ചു. അക്ഷരം എന്ന ലിറ്റില്‍ മാഗസിന്‍ നടത്തി. വെയില്‍ തിന്നുന്ന പക്ഷി എന്ന സമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.സ്വന്തമായി വീടോ മേല്‍വിലാസമോ ഇല്ലാതെ തെരുവുജീവിതത്തില്‍നിന്ന് കവിത സൃഷ്ടിക്കുന്ന എ. അയ്യപ്പന്‍ കാവ്യഭാഷയുടെ പതിവുനിയമങ്ങളെ ലംഘിക്കുന്ന കവിയാണ്. ഭ്രമാത്മകതയും തീവ്രവികാരതയുമാണ് ഇദ്ദേഹത്തിന്റെ കവിതയുടെ സവിശേഷതകള്‍.

അത്താഴമൂട്ടുമായ് അലയുന്ന ഞാന്‍ സ്വയം
ചുമക്കുന്ന ചുമടുമായി ഈ വഴിയോരങ്ങല്‍ താണ്ടട്ടെ
മരിക്കാന്‍ മനസ്സില്ലാത്തവനായി.............

വ്യത്യസ്തമായ അനുഭവങ്ങളുടെ സങ്കലനമായിരുന്നു അയ്യപ്പന്റെ ജീവിതം. അനാഥത്വമോ ദാരിദ്ര്യമൊ പട്ടിണിയൊ ഒന്നുംതന്നെ ഉള്ളിലെ കവിയെ ബാധിച്ചിരുന്നില്ല. സ്വന്തമായി മേല്‍വിലാസമില്ലാത്ത ഈ കവി കാവ്യഭാഷയുടെ പതിവുനിയമങ്ങളെ ലംഘിച്ചു. ഭ്രമാത്മകതയും വികാരതീവ്രതയാണ് അയ്യപ്പന്‍ കവിതകളുടെ സവിശേഷതകള്‍. കവിതയുടെ ലോകത്തെ വ്യത്യതമായ ആ അനുഭൂതി വായനക്കാരുടെ മനസുകളില്‍ സൃഷ്ടിക്കുവാന്‍ കഴിഞ്ഞു എന്നത് അയ്യപ്പകവിതകളുടെ മാത്രം സവിശേഷതയാണ്.