Tuesday, September 22, 2009

മുല്ലക്കല്‍ ബാലകൃഷ്ണന്‍



'മോസ്റ്റ് അണ്‍പ്രെഡിക്റ്റബിള്‍ അനിമല്‍ ഓഫ് ദി എര്‍ത്ത്'. ഡോക്ടര്‍ കെ.സി. പണിക്കരുടേതാണ് ഈ വാക്കുകള്‍. ആനകളെ മയക്കുവെടി വയ്ക്കുന്ന കാര്യത്തില്‍ ഒരുപക്ഷേ, ലോകറെക്കോഡ് തന്നെ കൈവരേണ്ടയാളും ആനചികിത്സയില്‍ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തിന് ഉടമയുമായ ഡോ. കെ.സി. പണിക്കരുടെ ഈ നിര്‍വചനം അല്‍പ്പം കടന്നുപോയില്ലേയെന്ന് സംശയിക്കുന്ന ചിലരെങ്കിലും ഉണ്ടാകും. ചിലരെന്നല്ല, ആനപ്രേമം ഞരമ്പിന് പിടിച്ച വലിയൊരു വിഭാഗം 'പാവം ആനകളെ' ഇങ്ങനെ വിലയിരുത്തുന്നതിനോട് യോജിപ്പുള്ളവരായിരിക്കില്ല. പക്ഷേ, കുറെ വര്‍ഷങ്ങള്‍ ആനകളുടെ വേറിട്ട ലോകത്തിലൂടെ അനുയാത്ര ചെയ്താല്‍ ആര്‍ക്കും ബോധ്യമാവും; ഒരാന ഏതാനും നിമിഷങ്ങള്‍ക്കപ്പുറം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് കൃത്യമായി പ്രവചിക്കാന്‍ കഴിയില്ല എന്നകാര്യം. നിനച്ചിരിക്കാത്ത നേരത്താവും പൊട്ടിത്തെറിയും കടന്നാക്രമണവും. മദപ്പാടില്‍പോലും എഴുന്നള്ളിക്കാവുന്നവനും സമാധാനപ്രിയരുടെ ശാന്തിദൂതനെന്ന് വിശേഷിപ്പിക്കാവുന്നവനുമായ സാക്ഷാല്‍ മംഗലാകുന്ന് ഗണപതി, തന്റെ അറുപതുകളിലെത്തിയപ്പോഴാണ് പാപ്പാനോടും ലോകത്തോടും പൊട്ടിത്തെറിച്ച് മയക്കുവെടി വിളിച്ചു മേടിച്ചതെന്ന കാര്യം ഇതിനോട് ചേര്‍ത്തുവായിക്കണം.കാട്ടുമനുഷ്യന്‍ നാട്ടുമനുഷ്യനാവാന്‍ കച്ചകെട്ടിയിറങ്ങിയപ്പോള്‍ വിളിക്കാതെ തന്നെ കൂടെക്കൂടിയവനാവും നായ. പക്ഷേ ആനകളെയാവട്ടെ അല്പം നിര്‍ബന്ധിച്ച് കൂടെ കൂട്ടിയതാവും. എന്തായാലും പരിഷ്‌കാരത്തിലേക്കുള്ള മനുഷ്യന്റെ പതിനെട്ടാംപടി ചവിട്ടലില്‍ ഇവരും ഒപ്പമുണ്ടായിരുന്നെന്ന് ന്യായമായും അനുമാനിക്കാം. ആദിയില്‍ ചിറകുകളുണ്ടായിരുന്നവരും തന്നിഷ്ടത്തിന് ആകാശത്തൂടെ ഇത്തിരി 'കനപ്പെട്ട്' പാറിപ്പറന്നവരുമായ ആനകള്‍, മുനിശാപം മൂലം ഇന്നത്തെ ദുരവസ്ഥയിലേക്ക് എത്തിപ്പെട്ടതാണെന്നൊരു വിശ്വാസമുണ്ട്. അതിന്റെ ശരിതെറ്റുകള്‍ എന്തുമാകട്ടെ, മനുഷ്യന്റെ കുറെയേറെ ഗുണദോഷങ്ങള്‍ അവന്റെ വിധേയരായ നാട്ടാനകളിലേക്കും സംക്രമിച്ചിട്ടുണ്ട്. ചിലര്‍ ജന്മനാതന്നെ അല്പം ചൂടും ചൂരുമുള്ള ആണ്‍പിറപ്പുകളായിരിക്കും. കണ്ണുണ്ടായാല്‍ പോര കാണണം എന്ന് പറഞ്ഞതുപോലെ, കൊമ്പും കിടുക്കാമണിയും ഉണ്ടായതുകൊണ്ട് മാത്രം ആണാവില്ല; ആണുങ്ങളായി ജീവിക്കുകയും കൂടി വേണം എന്ന് ലോകത്തെ പഠിപ്പിക്കുന്ന ചില ഉരുളയ്ക്കുപ്പേരികള്‍; അങ്ങനെ ഒരാനപ്പിറപ്പ്... അവനാണ് മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള മുല്ലയ്ക്കല്‍ രാജരാജേശ്വരിക്ഷേത്രത്തിലെ ആനയാണ് ബാലകൃഷ്ണന്‍. തൃക്കടവൂര്‍ ശിവരാജുവും തിരുനക്കര ശിവനും അമ്പലപ്പുഴ വിജയകൃഷ്ണനുമൊക്കെ അരങ്ങ് കൊഴുപ്പിക്കുന്ന 'തിരുവിതാംകൂര്‍ ബ്രദേഴ്‌സിനിട'യില്‍ ഉയരംകൊണ്ട് രണ്ടാമനോ മൂന്നാമനോ ആയിരിക്കും ബാലകൃഷ്ണന്‍. എന്നാല്‍, ആണത്തത്തില്‍ അവന്‍ തന്നെ ഒന്നാമന്‍! അതെ, ആനപ്രേമികളുടെ മനംമയക്കുന്ന അത്യാവശ്യം ലക്ഷണത്തിളക്കങ്ങളെല്ലാം സുന്ദരമായി ഇഴപിരിയുന്ന സഹ്യപുത്രന്‍. പക്ഷേ ഇതിനെല്ലാമപ്പുറം മാനുഷികതയുടെ മേല്‍ക്കോയ്മയ്ക്ക് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കാന്‍ തയ്യാറില്ലാത്ത, ചങ്കൂറ്റത്തിന്റെ ഒരു തീപ്പൊരി; അതാണ് മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍. മുല്ലയ്ക്കലും തകഴിയും അമ്പലപ്പുഴയും തുറവൂരും വൈക്കവും ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുടെ അനിവാര്യ സാന്നിധ്യമായി നിറഞ്ഞാടുമ്പോള്‍ തന്നെ, ഒരുവേള ആലപ്പുഴ പട്ടണത്തെ ഉദ്വേഗത്തിന്റെയും ഉള്‍ക്കിടിലത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തിയ തെമ്മാടിത്തിരുമകന്‍ എന്ന വിശേഷണവും ബാലകൃഷ്ണന് ചേരും.അല്ലെങ്കിലും ആമ്പിള്ളേര് അങ്ങനെയല്ലേ? നവയൗവ്വനത്തിന്റെ ചോരത്തിളപ്പില്‍ മനസ്സും ശരീരവും കൂലംകുത്തിമറിയുമ്പോള്‍, കണ്‍മുന്നില്‍ കാണുന്ന അനീതിക്കും അരാജകത്വത്തിനും എതിരെ എങ്ങനെയാണ് നിശ്ശബ്ദനും നിര്‍മമനുമായിരിക്കാന്‍ കഴിയുക. അത്രേയുള്ളൂ കാര്യം. മനുഷ്യന്റെ തോന്ന്യാസമാകുന്ന പരിപ്പുംകൊണ്ട് ബാലകൃഷ്ണന്റെ അടുപ്പില്‍ വേവിക്കാന്‍ ചെന്നാല്‍, അടുപ്പുകല്ല് തന്നെയെടുത്ത് അവന്‍ മോന്തയ്ക്ക് അലക്കിത്തരും.പൊതുവെ ആനകള്‍ ചെറുത്തുനില്‍പ്പിന്റെ നിഷേധസ്വരം പുറപ്പെടുവിക്കാറുള്ളത് യൗവ്വനത്തിളപ്പിലാണെങ്കിലും ബാലകൃഷ്ണന്‍ അക്കാര്യത്തിലും ഇത്തരി മുന്നോക്കമാണ്. എന്നുവെച്ചാല്‍, കാലേക്കൂട്ടി, എല്ലാം ഇത്തിരി ചെറുപ്പത്തിലെ തുടങ്ങിയെന്ന് സാരം. ജാതകവശാല്‍ ഓരോരോ ദശയില്‍ ചെയ്യാനുള്ളത് ചെയ്തും അനുഭവിക്കാനുള്ളത് അനുഭവിച്ചുമല്ലേ പറ്റൂ. ജാത്യാലുള്ളത് തൂത്താല്‍ പോവ്വോ? അതാണ് തലയിലെഴുത്തെന്ന് പറയുന്നത്. അല്ലെങ്കില്‍ ഇപ്പോള്‍ പാറമേക്കാവിലമ്മയുടെ തിടമ്പും വഹിച്ച് തൃശൂര്‍പൂരത്തിന് നടുനായകത്വം വഹിക്കേണ്ട ബാലകൃഷ്ണന്‍ ആലപ്പുഴയിലെത്തി മുല്ലയ്ക്കല്‍ ബാകൃഷ്ണനാവുമായിരുന്നോ?അങ്ങനെയും ഒരു പൂര്‍വ്വകാലമുണ്ട് ബാലകൃഷ്ണന്. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലേക്ക് ഒട്ടേറെ ഗജശ്രേഷ്്ഠന്മാരെ സമര്‍പ്പിച്ച കിഴക്കിവീട്ടില്‍ ട്രസ്റ്റിന്റെ പ്രധാനിയായിരുന്ന ബാലകൃഷ്ണമേനോന്‍, പാറമേക്കാവില്‍ നടയ്ക്കിരുത്തിയ ഒരേയൊരു കുട്ടിക്കുരുന്ന്്. കോടനാട് കൂട്ടില്‍ നിന്നും ലേലത്തില്‍ പിടിച്ച കുഞ്ഞിക്കൊമ്പന്‍. സര്‍വ്വധാ യോഗ്യന്‍ എന്ന ഉറച്ചവിശ്വാസത്തിലാണ് അവനെ നടയ്ക്കിരുത്തിയത്. പക്ഷേ വേണ്ടപ്പെട്ടവരുടെയും ആനക്കുട്ടിയുടെയും കണക്കുകൂട്ടലുകള്‍ തമ്മില്‍ തുടക്കംമുതലേ ചില പൊരുത്തക്കേടുകള്‍. പറയെടുപ്പിന് മാത്രം കൊണ്ടുപോയിരുന്ന പൊടിമീശപ്രായത്തില്‍ തന്നെ തൃശൂര്‍റൗണ്ടിലെ ഒരു മെഡിക്കല്‍ഷോപ്പ് തവിടുപൊടിയാക്കി. എന്തിനധികം പറയുന്നു, ചൊല്ലിക്കൊട്്... തല്ലിക്കൊട്... തള്ളിക്കളയെന്നല്ലേ പ്രമാണം. ചൊല്ലിക്കൊടുത്തിട്ടും തല്ലുകൊടുത്തിട്ടും ചെക്കന് നന്നാവാനുള്ള ഭാവമില്ലെന്ന് കണ്ടപ്പോള്‍, പാറമേക്കാവ് ദേവസ്വം അവസാനം അവനെ തള്ളിക്കളയാന്‍ തീരുമാനിച്ചു.പാറമേക്കാവ് ദേവസ്വം കുട്ടിയാനയെ വില്‍ക്കാന്‍ തീരുമാനിച്ച നേരത്താണ്, ആലപ്പുഴ മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ ഭക്തജനങ്ങള്‍ ഒരാനയെ നടയ്ക്കിരുത്താന്‍ തീരുമാനിക്കുന്നത്. അങ്ങനെ തന്റെ തൃശൂര്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പാറമേക്കാവ് എന്ന മേല്‍വിലാസം എന്നെന്നേയ്ക്കുമായി പറിച്ചെറിഞ്ഞ് കൊച്ചിരാജ്യത്തില്‍ നിന്നും തിരുവിതാംകൂറിന്റെ മണ്ണിലേക്ക് ബാലകൃഷ്ണന്‍ കൂടുമാറി. മുല്ലയ്ക്കലമ്മയുടെ മുല്ലയ്ക്കല്‍ ബാലകൃഷ്ണനായി.ബാലകൃഷ്ണനെ കുറിച്ചെഴുതുമ്പോള്‍ ഒരിക്കലും വിസ്മരിക്കാനാവാത്ത ഒരാളുണ്ട്; കളര്‍കോട് മീനാക്ഷിയമ്മ. തെമ്മാടിയെന്നും തല്ലുകൊള്ളിയെന്നും വിധിയെഴുതി ബാലകൃഷ്ണന് ഒരു കിങ്കരന്റെ മുള്‍ക്കിരീടം ചാര്‍ത്തുവാന്‍ മറ്റുള്ളവര്‍ മത്സരിച്ചപ്പോഴും, പുത്രനിര്‍വിശേഷം അവനെ സ്‌നേഹിച്ച വീട്ടമ്മ. അവരുടെ ചങ്ങാത്തം ലോകത്തിന് തന്നെ അത്ഭുതമായിരുന്നു. പക്ഷേ അവസാനം ഏതോ ഒരു ദുര്‍ബലനിമിഷത്തില്‍ ബാലകൃഷ്ണന്റെ മനസ്സിന്റെ നിലതെറ്റിച്ച ഒരു കൊള്ളിയാന്‍, മീനാക്ഷിയമ്മയുടെ മരണത്തിന് നിമിത്തമായെന്നത്് വിധിവൈപരീത്യം. അഥവാ മുന്നേ പറഞ്ഞതുപോലെ അവന്റെ ശിരോലിഖിതം. ബാലകൃഷ്ണന്റെ ഹ്രസ്വജീവചരിത്രത്തിന് പൂര്‍ണത വേണമെങ്കില്‍ അവന്റെ പാപ്പാന്‍ ശംഭുവിനെക്കുറിച്ച് കൂടി പരാമര്‍ശിക്കണം. കാരണം ശംഭുവിനെപോലെ ബാലകൃഷ്ണനെ മനസ്സിലാക്കിയിട്ടുള്ള മറ്റൊരാളും ഈ ഭൂമുഖത്ത് ഉണ്ടാവില്ല. ഇന്നലെകളുടെ കളങ്കങ്ങളില്‍ നിന്നും നാളെയുടെ സുവര്‍ണാധ്യായങ്ങളിലേക്കുള്ള ചുവടുമാറ്റത്തിലാണ് ബാലകൃഷ്ണന്‍. തീര്‍ച്ചയായും ബാലകൃഷ്‌നും ഒരു സ്വപ്‌നമുണ്ടാവും, ഒരിക്കല്‍ തന്നെ തള്ളിപ്പറഞ്ഞ അതേ തൃശ്ശിവപേരൂരിലേക്ക്, ജേതാവിനെപ്പോലെ മടങ്ങിച്ചെന്ന് ഒരിക്കലെങ്കിലും പൂരത്തില്‍ പങ്കെടുക്കുക എന്ന ഒരു സ്വപ്‌നം. ആ സ്വപ്‌നം പൂവണിയട്ടെ എന്ന് ആശംസിക്കാം.
mailto:sreekumararookutty@gmail.com ഫോട്ടോ: വ്യാസ് ഇളംകുന്നപ്പുഴ
http://www.mathrubhumi.info/

No comments:

Post a Comment