Wednesday, December 30, 2009

ഏറ്റവും ശക്തിയേറിയ ലേസര്‍ പരീക്ഷണം


സൂര്യനുള്‍െപടെയുള്ള കോടാനുകോടി നക്ഷത്രങ്ങളുടെ ഊര്‍ജരഹസ്യം അണുസംയോജനം (ന്യൂക്ലിയര്‍ ഫ്യൂഷന്‍) ആണ്. അത്യുന്നത താപനിലയിലും മര്‍ദത്തിലും സംഭവിക്കുന്ന ആ പ്രക്രിയ നിയന്ത്രിതമായ രീതിയില്‍ നടത്താന്‍ ഇതുവരെ മനുഷ്യര്‍ക്കായിട്ടില്ല. അത് സാധിച്ചാല്‍ ഭൂമിയില്‍ ഒരു നക്ഷത്രത്തെ സൃഷ്ടിക്കുന്നതിന് തുല്യമാകും. മാത്രമല്ല, ലോകത്തെ ഊര്‍ജാവശ്യവും അതുവഴി സാക്ഷാത്കരിക്കാന്‍ കഴിയും, പരിസ്ഥിതിക്ക് പോറലേല്‍പ്പിക്കാതെതന്നെ. ഇക്കാര്യം ലക്ഷ്യംവെച്ചാണ് ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ ലേസര്‍ പരീക്ഷണം അമേരിക്കയില്‍ ആരംഭിച്ചിരിക്കുന്നത്. ലിവര്‍മോറില്‍ പന്ത്രണ്ട് വര്‍ഷംകൊണ്ട് 350 കോടി ഡോളര്‍ ചെലവിട്ട് പൂര്‍ത്തിയാക്കിയ 'നാഷണല്‍ ഇഗൈ്‌നറ്റേഷന്‍ ഫെസിലിറ്റി' (എന്‍.ഐ.എഫ്.) യില്‍ 2009 മെയ് അവസാനമാണ് ലേസര്‍പരീക്ഷണം ആരംഭിച്ചത്. നക്ഷത്രങ്ങളിലെ സാഹചര്യം ഭൂമിയില്‍ സൃഷ്ടിക്കുക എന്ന അസാധാരണ ദൗത്യമാണ് എന്‍.ഐ.എഫ്. ഏറ്റെടുത്തിരിക്കുന്നത്. തീപ്പെട്ടിക്കൊളളിയുടെ മൊട്ടിന്റെ അല്ലെങ്കില്‍ പയര്‍മണിയുടെ വലുപ്പമുള്ള ഹൈഡ്രജന്‍ ഇന്ധനഭാഗത്തേക്ക് 192 ലേസറുകളെ ഒറ്റയടിക്ക് ഫോക്കസ് ചെയ്യുകയാണ് പരീക്ഷണത്തില്‍ ചെയ്യുക. സെക്കന്‍ഡിന്റെ 2000 കോടിയിലൊരംശം സമയത്തേക്ക് 500 ലക്ഷംകോടി വാട്ടിന് തുല്യമായ ഊര്‍ജം ഇതുവഴി പ്രയോഗിക്കപ്പെടും. ഇത്ര ഭീമമായ ഊര്‍ജം കേന്ദ്രീകരിക്കുന്നിടത്ത് സൂര്യനുള്ളിലേതിന് സമാനമായ സാഹചര്യം സൃഷ്ടിക്കപ്പെടുകയും അണുസംയോജനം നടക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ഭൂമിയിലെ ആ സൂക്ഷ്മപരിധിയില്‍ ഒരു നക്ഷത്രം തന്നെയാകും ചെറിയൊരു സമയത്ത് രൂപപ്പെടുക. പ്രാഥമിക പരീക്ഷണമാണ് ആരംഭിക്കുന്നത്. 500 ലക്ഷംകോടി വാട്ട് എന്ന ഊര്‍ജപരിധി ആര്‍ജിക്കാന്‍ ഒരുവര്‍ഷമെടുക്കുമെന്നാണ് പ്രതീക്ഷ. പരീക്ഷണം 30 വര്‍ഷം നീളും.

No comments:

Post a Comment